കോൺഗ്രസ് വോട്ടുകൾ തള്ളുന്നു. മരിച്ചു പോയ സിപിഎംകാരുടെ വോട്ടുകൾ പട്ടികയിൽ നിലനിർത്തുന്നു, വർഷങ്ങളായി നാട്ടിലേക്ക് വരാത്ത സിപിഎം കാരുടെ വോട്ടുകൾ തള്ളാൻ ആവശ്യപ്പെട്ടിട്ടും നിലനിർത്തുന്നു, തിരിച്ചറിയൽ കാർഡും ആധാർ കാർഡും റേഷൻ കാർഡും ഒക്കെ ഹാജരാക്കി ഹിയറിങ് നടത്തിയിട്ടും പട്ടികയിൽ ഇടം കിട്ടാതെ കോൺഗ്രസുകാരെ മടക്കി അയയ്ക്കുന്നു - ഇതൊക്കെ ബീഹാറിലാണെന്ന് കരുതിയോ നിഷ്കളങ്കരെ? അതല്ല യുപിയിലേ മധ്യപ്രദേശിലോ ആണെന്നു വിചാരിച്ചോ? എന്നാൽ തെറ്റി. ഇതിങ്ങ് 100 ശതമാനം സാക്ഷരരുള്ള, നാഴികയ്ക്ക് 40 വട്ടം നമ്പർ വണ്ണേ, നമ്പർ വണ്ണേ എന്ന് തള്ളിമറിക്കുന്ന കേരളത്തിലാണ്. ഒരു പഞ്ചായത്തിൽ മാത്രം 700 ൽ അധികം വോട്ടുകളാണ് പ്രതിസന്ധിയിലായത്. ഇതിനെ തുടർന്ന് പരാതിയുമായി പഞ്ചായത്തുകളെ സമീപിച്ചാൽ സിപിഎമ്മുകാരേക്കാൾ ശൗര്യത്തോടെ പരാതിക്കാരെ നേരിടുന്നത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് എന്നതാണ് ശ്രദ്ധേയം. പാർട്ടിക്ക് ലെവി കൊടുത്ത് സേവനം ചെയ്യുന്ന പഞ്ചായത്തിലെ ഇടതുപക്ഷ യൂണിയനിൽപെട്ട സഖാക്കളാണ് ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ ചെയ്യരുത്, ആരൊക്കെ മരിച്ചു, ആരൊക്കെ ഉയിർത്ത് എഴുന്നേറ്റ് പുതിയ രൂപം സ്വീകരിച്ച് വോട്ട് ചെയ്യണം, ആരൊക്കെ വിദേശത്തുണ്ട്, അതിൽ ആരൊക്കെ അകലെയാണെങ്കിലും പ്രത്യേക രൂപം സ്വീകരിച്ച് വോട്ട് ചെയ്യാനെത്തണം എന്നൊക്കെ തീരുമാനിക്കുന്നത് തന്നെ. പല പഞ്ചായത്തിലും സിപിഎം വോട്ട് ചോരിയുടെ പല തരം വേർഷൻസ് സ്വീകരിച്ചാണ് ജനാധിപത്യത്തെ പാലൂട്ടി വളർത്താൻ ഇറങ്ങിയിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് കാർ വോട്ട് ചേർക്കാൻ എത്തിയാൽ ഹിയറിങ്ങിന് അടിയധാരം മുതൽ അടിവസ്ത്രം വരെ പരിശോധിക്കും. പട്ടികയിൽ പക്ഷെ പേരുണ്ടാകില്ല. പക്ഷെ സിപിഎമ്മുകാരൻ വോട്ട് ചേർക്കാൻ വന്നാൽ ഹിയറിങ് തന്നെ വേണ്ട, അഥവാ വേണമെങ്കിൽ രണ്ട് പിടലി കെട്ടിക്കലും നയന വിന്യാസവും രണ്ട് ചുണ്ട് വിരൽ ആംഗ്യവും വാതിൽപ്പടിക്കൽ നിൽക്കുന്ന ലോക്കൽ നേതാവ് നടത്തിയാൽ മതി, വോട്ട് ചേർക്കാൻ വന്നവർ മാത്രമല്ല, മരിച്ചവർ വരെ വോട്ടർ പട്ടികയിൽ എത്തും. മരിച്ചവർ പട്ടികയിൽ നിന്ന് ഒഴിവാകാതെ പാർട്ടി നോക്കും. ഇതൊക്കെയാണ് കേരള മോഡൽ വോട്ടർ പട്ടിക നവീകരണം എന്നാണ് ആരോപണം.
വെള്ളിയാഴ്ച കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി.
വോട്ടർപട്ടികയിലെ ക്രമക്കേട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്. യുഡിഎഫ് അനുകൂല വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കിയ നിലയിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതത്രെ! പുതുതായി ചേർക്കാൻ അപേക്ഷ നൽകി ഹിയറിങ്ങിൽ പങ്കെടുത്ത് ആവശ്യമായ രേഖകൾ നൽകിയവരെപ്പോലും ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനായി ആക്ഷേപം കൈപ്പറ്റി ഹിയറിങ്ങിന് ഹാജരായി മുഴുവൻ രേഖകളും നൽകിയ നിരവധി വോട്ടർമാരെയും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കി..
വോട്ട് നീക്കം ചെയ്തതിന് അപ്പീൽ നൽകാനായി റിപ്പോർട്ട് നൽകാൻ പോലും തയ്യാറാവാത്ത അസി.സെക്രട്ടറി അനീഷിനെയും ക്ലാർക്ക് മധുവിനെയും സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു..
തിങ്കളാഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ചാർജെടുത്ത സെക്രട്ടറി അഖിൽ ഭരതൻെറ ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു..
മണ്ഡലം പ്രസിഡണ്ട് സാജൻ ചെറിയാൻ , കെ.വി.ജോസഫ്, രാമചന്ദ്രൻ മാസ്റ്റർ , ബെന്നി ജേക്കബ് , ജോളി ഫിലിപ്പ് , പി.പവിത്രൻ , വിനോദ്കുമാർ ,ജോൺസൺ കോറോത്ത് , പി.മോഹനൻ നേതൃത്വം നൽകി. എന്തെങ്കിലും സംശയം ചോദിച്ചെത്തിയാൽ പോലും ഉദ്യോഗസ്ഥർ നിന്ന് ചീറുകയാണ്. ഇതിനൊക്കെ പരിഹാരം കാണാൻ ഇലക്ഷൻ കമ്മിഷൻ എന്ന സംവിധാനം ഉണ്ടോ എന്ന അന്വേഷണത്തിലാണ് ജനം.
The Left party officials in the panchayats are ready to bring the CPM into the panchayat administration. Be careful.